തൃശൂർ കടാംതോട് പാലം ബജറ്റിലുണ്ട്, നാട്ടിലില്ല എന്ന അവസ്ഥയിലാണ് . 60 വർഷത്തിലേറെ പഴക്കമുള്ള പാലം പലതവണ പുതുക്കി പണിയാനായി ബജറ്റിൽ ഇടം പിടിച്ചു. പക്ഷേ പാലം യാഥാർത്ഥ്യമായില്ല.
കടാം തോട് പാലത്തിനോട് ചേർന്ന് താമസിക്കുന്ന ജേക്കബ് ചേട്ടന് പ്രായം 60 കഴിഞ്ഞു. അതിലേറെ പ്രായമുണ്ട് ഈ പാലത്തിന്. കടാംതോട്ടെ പാലം ചിരഞ്ജീവിയെപ്പോലെയാണ്. ആയുസ്സിന്റെ ബലം കൂടുതലാണ്. സെഞ്ചുറി അടിച്ചാലും പാലം പൊളിച്ചു പണിയുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. പാലം പണി നാളെ നാളെ എന്ന മട്ടിൽ 30 വർഷമായി നാട്ടുകാർ കാത്തിരിക്കുകയാണ്. പല വർഷങ്ങളിലായി മൂന്നര കോടി , ആറരക്കോടി, 9 കോടി, 12 കോടി എന്നിങ്ങനെ സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തി അധികൃതർ നാട്ടുകാരെ മോഹിപ്പിക്കുന്നുണ്ട്. ഈ കോടികളുടെ കണക്ക് കേട്ട് അവർ മടുത്തു.
മതിൽ കെട്ടുന്നതിന്, വീട് വിൽക്കുന്നതിന്, എന്തിന് വീട് പുതുക്കി പണിയാൻ പോലും നാട്ടുകാർക്ക് പറ്റാത്ത അവസ്ഥയാണ്. പാലത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതിനാൽ അനുമതി നൽകുന്നില്ല. മരം കടപുഴകി വീണും, വണ്ടികൾ ഇടിച്ചും പാലത്തിന്‍റെ കൈവരികൾ തകരാറിലാണ്. ഒരു അപകടം വരാൻ അധികൃതർ കാത്തിരിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ പോക്ക്. വടക്കാഞ്ചേരി മണലൂർ എംഎൽഎമാരുടെ അതിർത്തിയിലാണ് ഈ പാലം എന്നതുകൊണ്ട് ദുസ്ഥിതി തുടരുകയാണ്