തൃശൂരിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ഓട്ടോ വിളിച്ച് ആശുപത്രിയിൽ എത്തിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകന് ആദരം. യാത്രക്കാരനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും യുവാവിന്റെ ഇടപെടൽ മാതൃകാപരമെന്ന് നാട്ടുകാരും ബന്ധുക്കളും വിലയിരുത്തി.
ഫെബ്രുവരി 25 നായിരുന്നു സ്വകാര്യ ബസിൽ യാത്രക്കാരൻ കുഴഞ്ഞുവീണത്. നന്ദിപുരം സ്വദേശി 63കാരൻ നാരായണൻ ആയിരുന്നു കുഴഞ്ഞുവീണത്. മറ്റു യാത്രക്കാർ ഒന്നിച്ച് നാരായണനെ ബസ്സിൽ നിന്ന് പുറത്തിറക്കി. ട്രിപ്പ് മുടക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഇതേ ബസ്സിലെ യാത്രക്കാരനായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ മുഹമ്മദ് അസ്ലം. നാരായണനെ ഓട്ടോറിക്ഷ വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ അസ്ലം എത്തിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദ വിദ്യാർഥിയാണ് അസ്ലം. നാരായണന്‍റെ ബാഗിൽ പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം സുരക്ഷിതമായി ആശുപത്രി അധികൃതരുടെ പക്കൽ ഏൽപ്പിച്ചാണ് അസ്ലം മടങ്ങിയത്. നാരായണന്റെ അന്തി ചടങ്ങുകൾക്കു ശേഷം ബന്ധുക്കൾ അസ്ലമന് നന്ദി പറയാനായി എത്തിയിരുന്നു. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു എൻജിനീയർ നാരായണന്റെ മരണം. പൂരപ്രേമി കൂടിയായിരുന്നു നാരാണയന്‍.