തൃശൂരില്‍ നാലോണത്തിന് പുലിക്കളി നടത്തണമെന്ന് സംഘങ്ങള്‍. അന്തിമതീരുമാനം വൈകുകയാണ്. സര്‍ക്കാരും കോര്‍പറേഷനും പുലിക്കളി നടത്തുന്ന കാര്യത്തില്‍ പുനരാലോചന തുടങ്ങിയിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി വേണ്ടെന്നായിരുന്നു കോര്‍പറേഷന്റെ തീരുമാനം. ഓണം വാരാഘോഷം വേണ്ടെന്നുവച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍തുടര്‍ന്നായിരുന്നു ഈ തീരുമാനം. പക്ഷേ, പുലിക്കളിയില്‍ നിന്നുള്ള വരുമാനം വയനാട് ദുരന്തത്തിന് മാറ്റിവയ്ക്കാമെന്ന് ദേശക്കാര്‍ പറഞ്ഞതോടെ പുനരാലോചിക്കാന്‍ വഴിതെളിഞ്ഞു. കോര്‍പറേഷന്‍തന്നെ തദ്ദേശമന്ത്രിയ്ക്കു കത്തുനല്‍കി. എന്നാല്‍, അന്തിമതീരുമാനം ഇനിയും വൈകുകയാണ്. പുലിക്കളി ഉണ്ടെങ്കില്‍ അത് ഇപ്പോള്‍ പറയണമെന്നാണ് ഒന്‍പതു സംഘങ്ങളുടേയും ആവശ്യം. ഇനിയും വൈകിയാല്‍ തീരുമാനം മാറ്റിയാലും നടത്താന്‍ കഴിയില്ല.
തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള ഒന്‍പതു ദേശങ്ങളാണ് പുലിക്കളി നടത്തുന്നത്. കോര്‍പറേഷന്റേയും ടൂറിസം വകുപ്പിന്റേയും സാമ്പത്തിക സഹായം ലഭിക്കാറുണ്ട്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ദേശക്കാരില്‍ നിന്ന് പിരിവെടുത്താണ് പുലിക്കളി നടത്തേണ്ടത്. തീരുമാനം എത്രയും വേഗം വേണമെന്നാണ് പുലിക്കളി സംഘങ്ങളുടെ ആവശ്യം. കോര്‍പറേഷനോ തദ്ദേശവകുപ്പോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.