തൃശൂരിന്‍റെ തീരമേഖലയിൽ അവയവ കച്ചവടം വ്യാപകമെന്ന് പരാതി. അവയവ ദാനം ചെയ്യുന്നവർക്ക് തുച്ഛമായ തുക നൽകി ഏജന്‍റുമാർ പണം കൊള്ളയടിക്കുകയാണെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു.
കഴിഞ്ഞ ഏഴു മാസത്തിനിടെ അവയവ ദാനത്തിന് ശ്രീനാരായണപുരം പഞ്ചായത്തിൽ അപേക്ഷ നൽകിയത് എഴു പേർ. ഇവരോട് സംസാരിച്ച ശേഷമാണ് അവയവദാന കച്ചവടം പ്രാദേശിക ജനപ്രതിനിധികൾക്ക് ബോധ്യപ്പെട്ടത്. അവയവദാനം ചെയ്യുന്നവരെ ഏജന്‍റുമാർ ചൂഷണം ചെയ്യുകയാണ്. അപേക്ഷകർ നിർധന കുടുംബാംഗങ്ങളും. ചൂഷണത്തെപ്പറ്റി ആരോഗ്യവകുപ്പിനെ പഞ്ചായത്ത് രേഖാമൂലം അറിയിച്ചു. വലിയ തുകകൾ ഓഫർ ചെയ്താണ് പലരും ഏജന്‍റുമാരുടെ കെണിയിൽ വീഴുന്നത്. ചെറിയ തുക അഡ്വാൻസ് നൽകും. പിന്നെ അവയവദാനം നടന്ന ശേഷം ഏജന്‍റുമാർ മുങ്ങുകയാണ് പതിവ്. തട്ടിപ്പിനിരയായവർ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല.