മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് കോട്ടയം തലയോലപ്പറമ്പ് മേഖലയില്‍ വെളളപ്പൊക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ പഠനം തുടങ്ങി. ഇടത്തോടുകൾ ആഴംകൂട്ടി പുറംബണ്ടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. നബാർഡിൽ നിന്നുള്ള 10 കോടി രൂപ ഉപയോഗിച്ചുളള പദ്ധതി നടപ്പാക്കിയാല്‍ നെല്‍ കര്‍ഷകര്‍ക്കും പ്രയോജനപ്പെടും.
തലയോലപ്പറമ്പ് വടയാര്‍ ഒന്നാം വാർഡ്, 13 മുതൽ 17 വരെയുള്ള വാർഡുകളുമാണ് ചെറിയമഴ പെയ്താല്‍പ്പോലും വെളളത്തിലാകുന്നത്. ഇവിടെ ഇടതോടുകൾ ആഴംകൂട്ടി പാലങ്ങളും കലുങ്കുകളും നിർമിച്ച് നീരൊഴുക്ക് തടസം മാറ്റിയാല്‍ മഴക്കാല ദുരിതം ഒഴിവാകും. പ്രാദേശിക അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പദ്ധതി തയാറാക്കാന്‍ നടപടി തുടങ്ങി.
വൈക്കം എംഎല്‍എ കെ. ബിനിമോൻ, പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വേലിക്കകം എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി മൂവാറ്റുപുഴയാറിന്‍റെ കൈവഴികളിലൂടെ യാത്രനടത്തി. പുറംബണ്ട് നിര്‍മിക്കുകയാണ് പ്രധാനം.
വടയാർ ഇളങ്കാവ് പാലത്തിന് സമീപം ഷട്ടർ നിർമിക്കുകയും വേണം. വെള്ളപ്പൊക്കം ഇല്ലാതായാല്‍ 700 ഏക്കറിലെ ഇരുപ്പൂ കൃഷി നടപ്പാക്കാനും തരിശ് നിലങ്ങളിൽ കൃഷിയിറക്കാനും കഴിയും.