കോട്ടയം വൈക്കത്തെ ഗവൺമെന്‍റ് ആയുർവേദാശുപത്രിക്ക് അനാരോഗ്യം. കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. പുതിയ കെട്ടിടത്തിന്‍റെ നിർമാണവും പാതിവഴിയിലായതോടെ രോഗികളും വലയുന്നു.
ഇരുപതു പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഡോക്ടർമാരുടെ മികച്ച സേവനം ലഭ്യമാകുന്നതാണ് വൈക്കത്തെ ആയുർവേദാശുപത്രി. എന്നാൽ രോഗികൾ കിടക്കുന്ന മുറികളുടെയും ചികിത്സാ മുറികളുടെയും ഭിത്തികൾ ദുർബലം. ഇടിഞ്ഞുവീഴുന്ന നിലയിലാണ്. ശുചിമുറിയിലെ മലിനജലം ഒഴുകുന്നത് ഇതിന് പരിസരത്തും. യാതൊരു ആസൂത്രണവും ഇല്ലാതെ തലങ്ങും വിലങ്ങുമായി പണിതിട്ടിരിക്കുന്ന ജീർണാവസ്ഥയിലുള്ള അഞ്ച് കെട്ടിടങ്ങളിലായാണ് ആശുപത്രിയുടെ പ്രവർത്തനം. നാഷണൽ ആയുഷ് മിഷന്‍റെ ഒരു കോടി രൂപ മുടക്കിയുള്ള ഒപി കെട്ടിടത്തിന്‍റെ നിർമാണം ജൂണിൽ പൂർത്തിയാക്കേണ്ടതായിരുന്നു. നിർമാണം പാതിവഴിയിൽ. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂരയ്ക്ക് കീഴിലാണ് ഒരു വർഷമായി ഒപിയോടു ചേർന്നുള്ള പ്രവർത്തനം. ലക്ഷങ്ങൾ മുടക്കി ഏഴ് വർഷം മുമ്പ് നിർമിച്ച പേവാർഡ് ഉൾപ്പെടെ തകർച്ച ഭീഷണിയിലാണ്. വിശദമായ പരിശോധന ഉണ്ടാകണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.