• കനത്ത മഴയിൽ ഈരാറ്റുപേട്ടയിലെ പി.സി. ജോർജിന്റെ വീട്ടിൽ വെള്ളം കയറി. 40 വർഷത്തിനിടെ ആദ്യമായാണ് വീടിനുള്ളിൽ വെള്ളം കയറുന്നതെന്ന് പി.സി. ജോർജ്.

ഈരാറ്റുപേട്ടയില്‍ കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിന്‍റെ വീട്ടിലും വെള്ളം കയറി. വീടിനുള്ളില്‍ വെള്ളമെത്തിയതോടെ വീട്ടുപകരണങ്ങളടക്കം നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് പി.സി. ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഈ സമയം പി.സി. ജോര്‍ജും ഭാര്യയും ഇളയമകനുമാണ് വീട്ടിലുണ്ടായിരുന്നത്. 

40 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മേഖലയില്‍ വെള്ളം കയറുന്നതെന്നാണ് പി.സി. ജോര്‍ജിന്‍റെ അനുഭവം. പി.സി. ജോര്‍ജിന്‍റെ വീടിന് മുന്നില്‍ ചെറിയ തോടുണ്ട്. പക്ഷേ ഇവിടെ നിന്നും എങ്ങനെയാണ് ഇത്രയും വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതെന്ന ആങ്കലാപ്പിലാണ് പി.സി. വീടിനുള്ളിലേക്ക് വെള്ളം കയറിയതോടെ വീടിന് മുകളിലാണ് പി.സി. ജോര്‍ജും കുടുംബവും അഭയം തേടിയത്.

ഉറങ്ങി കിടക്കുന്നതിനിടെ അയല്‍വാസിയായ പയ്യന്‍ വന്നാണ് വിളിക്കുന്നത്. 2.45 ഓടെ വീടിന് അകത്തേക്ക് വെള്ളം കയറി. മേശയുടെ ഉയരത്തില്‍ വെള്ളം കയറി. ഭയങ്കര നഷ്ടമുണ്ടായതായി പി.സി. ജോര്‍ജ് പറഞ്ഞു. വീട്ടില്‍ 10 ലക്ഷംരൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പി.സി. ജോര്‍ജിന്‍റെ ഭാര്യ ഉഷയുടെ തുണിക്കടയും വെള്ളംകയറി നശിച്ചു. ഇവിടെ 30 ലക്ഷത്തിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്. എല്ലാവര്‍ക്കും നഷ്ടം വന്ന സമയത്ത് തന്റെ നഷ്ടം പറയുന്നതില്‍ ന്യായമില്ലെന്നാണ് പി.സി. ജോര്‍ജിന്‍റെ നിലപാട്. മുറികള്‍ അടച്ചിട്ടതോടെ വെള്ളം നിറഞ്ഞു. ഓളം തട്ടി ഫ്രിഡ്ജ് വീണു. വെള്ളം അടിച്ച് മുഴുവന്‍ നശിച്ചു. രണ്ട് ഫ്രിഡ്ജും ടിവിയും കേടായി. രണ്ടു ഇന്നോവകാറിലും വെള്ളം കയറിയിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. 

ENGLISH SUMMARY:

Severe flash floods triggered by incessant heavy rains inundated the residence of veteran leader P.C. George in Erattupetta, causing significant damage to household appliances and vehicles. George recalled that floodwaters entered his home around 2 a.m. for the first time in 40 years, forcing his family to seek refuge on the upper floor. While his home suffered an estimated loss of 10 lakh rupees, his wife's textile shop nearby sustained damages amounting to 30 lakh rupees. Despite the massive personal setbacks, George emphasized that complaining about individual losses feels unjust when countless others are suffering across the region.