childkottayam

പ്രസവത്തിന് ശേഷം കുഞ്ഞിനെ കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവുമായി ഗർഭിണികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ച് കോട്ടയം ജില്ലയിലെ തീക്കോയി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അസം സ്വദേശിനിയായ 22-കാരിയുടെ പരാതിയെ തുടർന്നാണ് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. 

ഗർഭച്ഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടർന്ന് ഭർതൃവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി സംരക്ഷണം തേടിയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്നതായി പരിചയപ്പെടുത്തിയിരുന്ന ഒരു എൻജിഒയുമായി ബന്ധപ്പെടുന്നത്. തുടർന്ന് തീക്കോയിയിലെ കേന്ദ്രത്തിലെത്തിച്ച യുവതിയോട് പ്രസവശേഷം കുഞ്ഞിനെ കൈമാറണമെന്നും അതിന് പ്രതിഫലമായി മൂന്ന് ലക്ഷം രൂപ നൽകുമെന്നും അറിയിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിന്റെ സഹായത്തോടെ കോട്ടയം ഗാന്ധിനഗറിലെ സ്വാന്തനം കേന്ദ്രത്തിൽ അഭയം തേടി. യുവതിയുടെ മൊഴിപ്രകാരം തീക്കോയിയിലെ വീട്ടിൽ മറ്റ് രണ്ട് ഗർഭിണികളും താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ രാജയെയും വാഗമൺ സ്വദേശിയായ അർജുനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാൽ പ്രസവം എവിടെയാണ് നടത്തുന്നത്, ജനിക്കുന്ന കുഞ്ഞുങ്ങളെ പിന്നീട് ആർക്കാണ് കൈമാറുന്നത്, ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന ശൃംഖലയുടെ വ്യാപ്തി കണ്ടെത്താൻ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

kottayam-child-trafficking-racket:

Child trafficking in Kerala is a serious concern, with a recent investigation in Kottayam uncovering a human trafficking network targeting pregnant women. This scheme promised Rs. 3 lakh to mothers who would hand over their newborns after delivery, exposing a disturbing baby sale racket.