കോട്ടയം വൈക്കം തവണക്കടവ് ജങ്കാർ സർവീസ് കായലിൽ മണൽ തിട്ടയിൽ കുടുങ്ങി യാത്രക്കാർ വലഞ്ഞു. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്രക്കാരെ കരയ്ക്ക് എത്തിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വാഹനങ്ങൾ കരയ്ക്ക് എത്തിച്ചത്.
നിറയെ വാഹനങ്ങളും യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് തവണക്കടവിലേക്ക് ജങ്കാർ പുറപ്പെട്ടപ്പോഴാണ് കാറ്റിൽ അകപ്പെട്ടത്. തുടർന്ന് തെക്കുഭാഗത്തേക്ക് ഒഴുകി മാറി. ജെട്ടിയിൽ നിന്ന് അധികം ദൂരെ അല്ലാതെയുള്ള മണൽ തിട്ടയിൽ ഉറച്ചു നിന്നു. പുറപ്പെട്ട ഉടനെ ഡീസൽ നിറക്കാൻ ശ്രമിക്കുന്നതിനിടെ ജങ്കാറിന്‍റെ എൻജിൻ നിലച്ചെന്നും അങ്ങനെയാണ് കാറ്റിൽപ്പെട്ട് ഒഴുകിമാറിയത് എന്നുമാണ് യാത്രക്കാർ പറയുന്നത്. ജങ്കാറിൽ വേണ്ടത്ര ഇന്ധനം ഇല്ലാതെയാണ് യാത്ര തുടങ്ങിയതെന്നാണ് ഇവരുടെ പരാതി.
എന്നാൽ ജങ്കാർ ജീവനക്കാർ ഇത് നിഷേധിച്ചു. യാത്രക്കാരെ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കരക്ക് ഇറക്കിയെങ്കിലും വാഹനങ്ങൾ ജങ്കാറിലായതിനാൽ മണിക്കൂറോളം രാത്രി വരെ കാത്തു നിന്നു. അഞ്ചു ടിപ്പർ ലോറി കളും ചെറുവാഹനങ്ങളും വാഹനങ്ങളുടെ ഡ്രൈവർമാരുമാണ് ജങ്കാറിൽ കുടുങ്ങിയത്.