കോഴിക്കോട് ബേപ്പൂര്‍ – ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചു. ബേപ്പൂര്‍ ജെട്ടിയുടെ നവീകരണം വൈകുന്നതാണ് സര്‍വീസ് നിലയ്ക്കാന്‍ കാരണം. ഇതോടെ നൂറുകണക്കിന് ആളുകളുടെ യാത്രയാണ് ദുരിതത്തിലായത്.
ചാലിയത്തേയും ബേപ്പൂറിനെയും ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസ് ആണ് നിര്‍ത്തിവച്ചത്. അതോടെ എട്ടുകിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടാണ്. ജങ്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നവരില്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. പത്ത് മിനിറ്റ് കൊണ്ട് എത്താവുന്നിടത്ത് ഇപ്പോള്‍ റോഡുമാര്‍ഗം അരമണിക്കൂര്‍ സഞ്ചരിക്കണം.
ബേപ്പൂര്‍, ചാലിയം ബീച്ചുകളിലേക്കെത്തുന്ന വിനോദസഞ്ചാരികളേയും ജങ്കാര്‍ സര്‍വീസ് നിലച്ചത് ബുദ്ധിമുട്ടിലാക്കി. യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ ഇടപെടലാണ് ഉണ്ടാകേണ്ടത്. സ്ഥലം എംഎല്‍എ പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആക്ഷേപം.