പക്ഷിപ്പനി ബാധിച്ച കോട്ടയം ഉദയനാപുരത്തെ കോഴി ഫാമുകളിൽ പ്രതിരോധ നടപടികൾ പൂർത്തിയായി. ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലുള്ള കോഴികളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു.
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കള്ളിങ് നടത്തിയത്. യന്ത്രം ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലുള്ള കുഴിയിൽ ശാസ്ത്രീയമായി കള്ളിങ് നടത്തി കോഴികളെ കുഴിച്ചിട്ടു.
രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയും ആണ് നശിപ്പിച്ചത്. ജില്ലാതല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫാമുകൾ സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് പുത്തൻകരി പി.ഡി ജോണിന്റെ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ആറായിരം കോഴികൾ ഉണ്ടായിരുന്നതിൽ 4500ലധികം കോഴികൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ബാക്കിയായ കോഴികളെയാണ് ഇവിടെ നശിപ്പിച്ചത്.
കോട്ടയത്തിന് പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നേരത്ത പക്ഷിപ്പനി കണ്ടെത്തിരുന്നു.