ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ബിസിസിഐയുടെ ഐ.പി.എൽ ഫാൻ പാർക്ക്. കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി മൈതാനത്ത് തുടങ്ങിയ ഫാൻ പാർക്കിൽ തത്സമയം മത്സരങ്ങൾ ആസ്വദിക്കാം. ഫാൻ പാർക്ക് ഇന്നും തുടരും.
ഇതാദ്യമായാണ് കോട്ടയത്തിന് ഇങ്ങനെയൊരു ക്രിക്കറ്റ് ഉൽസവം. അയ്യായിരത്തിലധികം ആരാധകർക്ക് ഒരേസമയം കൂറ്റൻ എൽഇഡി സ്‌ക്രീനുകളിൽ തത്സമയം മത്സരങ്ങൾ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യം. മത്സരപ്രദർശനത്തിനപ്പുറം കാർണിവൽ മൂഡാണ് ഫാൻ പാർക്കിൽ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായത്.
വൈവിധ്യമാർന്ന ഭക്ഷണശാലകൾ, സംഗീത വിരുന്നുകൾ, കുട്ടികൾക്കായുള്ള പ്ലേ സോണുകൾ എന്നിവയ്ക്ക് പുറമെ ആരാധകർക്ക് കായിക മികവ് തെളിയിക്കാൻ വിർച്വൽ ബാറ്റിങ് സോണുകളും ബോളിങ് നെറ്റുകൾ എന്നിവയും ആവേശമായി. ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഇടപെടലാണ് ഫാൻ പാർക്ക് മണർകാട്ട് എത്തിച്ചത്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെയും, ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെയും നേരിട്ട മൽസരങ്ങൾ എല്ലാവരും ആസ്വദിച്ചു. സഞ്ജു സാംസന്റെ ജഴ്സി അണിഞ്ഞ നൂറുകണക്കിന് ആരാധകർ ഫാൻ പാർക്കിൽ തിളങ്ങി. കോട്ടയം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് ഇപ്രാവശ്യം ഫാൻ പാർക്കുകൾ ഉള്ളത്.