49 വര്‍ഷങ്ങള്‍ക്ക് ശേഷം കൈപ്പത്തി ചിഹ്നം തിരികെയെത്തിയ ഏറ്റൂമാനൂരില്‍ ദേവസ്വം മന്ത്രിക്കെതിരെ ശബരിമല സ്വര്‍ണക്കൊളള ഉയര്‍ത്തിയാണ് യുഡിഎഫ് പ്രചാരണം. ജില്ലയില്‍ സിപിഎമ്മിന്‍റെ കൈവശമുളള ഏക മണ്ഡലത്തില്‍ വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
1977 ന് ശേഷം ആദ്യമായാണ് ഏറ്റുമാനൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്നത്. കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുത്ത സീറ്റില്‍ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ രംഗത്തിറക്കിയുളള മല്‍സരം. കഴിഞ്ഞ പ്രാവശ്യം 7,624 വോട്ട് ലതിക സുഭാഷ് പിടിച്ചത് യുഡിഎഫിന് വന്‍ തിരിച്ചടിയായിരുന്നു. ഇപ്രാവശ്യം വിമതശല്യങ്ങളൊന്നുമില്ല. രാഹുല്‍ഗാന്ധി അതിരമ്പുഴയില്‍ പ്രചാരണത്തിനെത്തിയതും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ശബരിമല സ്വര്‍ണക്കൊളള ഉള്‍പ്പെടെ ഉയര്‍ത്തിയാണ് വോട്ടുപിടിത്തം.
1991 മുതല്‍ തോമസ് ചാഴിക്കാടന്‍റെ ജൈത്രയാത്രയ്ക്ക് കടിഞ്ഞാണിട്ടത് സുരേഷ് കുറുപ്പാണ്. പിന്നീട് വി.എന്‍.വാസവനും മണ്ഡലത്തെ സിപിഎമ്മിനൊപ്പം ചേര്‍ത്തു നിര്‍ത്തി. കഴിഞ്ഞപ്രാവശ്യം 14,303 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി.എന്‍.വാസവന്‍ ജയിച്ചത്. നാലായിരം കോടി രൂപയുടെ വികസനം എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം. തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയുണ്ടായെങ്കിലും കാര്യമില്ലെന്നാണ് വി.എന്‍.വാസവന്‍ പറയുന്നത്. ട്വന്‍റി 20 യുടെ ആതിര ഡി നായരാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.