പതിറ്റാണ്ടുകളായുള്ള റെയിൽവെ ഗേറ്റ് അടച്ചതോടെ നാട്ടുകാരും കർഷകരും പ്രതിസന്ധിയിലായി. കോട്ടയം വൈക്കം വെള്ളൂരിലെ കല്ലുങ്കൽ റെയിൽവെ ഗേറ്റ് അടച്ചതിലാണ് നാട്ടുകാരുടെ പരാതി.
കേളകം പാടശേഖരം വരെയുള്ള കലയത്തുംകുന്ന്കുളം -കല്ലുങ്കൽ റോഡ് മുറിച്ചാണ് ഇവിടെ ദശാബ്ദങ്ങൾക്ക് മുൻപ് റെയിൽവേപാത നിർമിച്ചത്. തുടർന്ന് യാത്രാ സൗകര്യത്തിനായി റെയിൽവേ അനുവദിച്ച ഗേറ്റാണ് ഒന്നരമാസമായി അടച്ചിട്ടിരിക്കുന്നത്. റോഡിനു സമീപത്തെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. നൂറ് ഏക്കറിലധികമുള്ള കേളകംപാടത്ത് കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയിലാണ് കർഷകർ. പാടത്തേക്ക് വാഹനങ്ങൾ എത്താത്തത് പ്രതിസന്ധി.
യാത്രാദുരിതം വർധിച്ചു. കുട്ടികളുടെ സ്കൂൾ വാഹനം മുടങ്ങി. ഗേറ്റ് കീപ്പർ അടക്കമുള്ള റയിൽവെ ഗേറ്റ് സ്ഥിരമായി അടച്ചിടാനുള്ള നീക്കമെന്നാണ് ആക്ഷേപം. ഗേറ്റ് തുറക്കാൻ ജനപ്രതിനിധികളും ഇടപെട്ടെങ്കിലും റെയിൽവേയുടെ തീരുമാനം വൈകുകയാണ്.