ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ തപാല്‍ ഓഫിസിലൂടെ അയച്ച് പഴയകാലത്തെ തൊട്ടറിഞ്ഞ് കുട്ടികള്‍. കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുട്ടികളാണ് മാതാപിതാക്കള്‍ക്ക് ക്രിസ്മസ് ആശംസ അയക്കാന്‍ തപാല്‍ ഓഫിസിലെത്തിയത്.
അച്ഛനും അമ്മയ്ക്കും വേണ്ടി തയാറാക്കിയ ക്രിസ്മസ് കാര്‍ഡുകൾ. സ്വയം നിറം നല്‍കിയും എഴുതിയും ക്രിസ്മസ് ആശംസ. സ്വന്തം വീടിന്‍റെ മേല്‍വിലാസം എഴുതി സ്റ്റാമ്പ് വാങ്ങി പശ തേച്ച് ഒട്ടിച്ച് തപാല്‍ പെട്ടിയില്‍ ആശംസ കാർഡ് ഇട്ടപ്പോള്‍ കുട്ടികള്‍ക്കിത് പുതിയൊരു അനുഭവം. ഈ ക്രിസ്മസ് കാലത്ത് തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കൊച്ചുകുട്ടികളാണ് മാതാപിതാക്കളെ ക്രിസ്മസ് ആശംസ കത്തിലൂടെ അറിയിച്ചത്. നഴ്സറി മുതൽ രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന 180 കുട്ടികളാണ് അധ്യാപകരോടൊപ്പം തപാല്‍ ഓഫിലെത്തി സ്വയം തയ്യാറാക്കിയ ആശംസകത്തുകള്‍ അയച്ചത്.
സ്വന്തം വീടിന്‍റെ മേല്‍വിലാസം, പിന്‍നമ്പര്‍ സഹിതം എഴുതാനും തപാല്‍ ഓഫിസിന്‍റെ പ്രവർത്തനം മനസിലാക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. എല്ലാം മൊബൈല്‍ഫോണിലെ വിരല്‍ത്തുമ്പിലാണെങ്കിലും കുട്ടികളിതും അറിഞ്ഞിരിക്കണമെന്ന അധ്യാപകരുടെ ആഗ്രഹവും സാധിച്ചു.