കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ഏറ്റുമുട്ടുന്ന കോട്ടയം പാലായില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമത സ്ഥാനാര്‍ഥി രംഗത്ത്. നഗരസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ചൊളളാനിക്കെതിരെ സിറ്റിങ് കൗണ്‍സിലറായ കോണ്‍ഗ്രസുകാരി മായാ രാഹുലാണ് മല്‍സരിക്കുന്നത്. പാലായില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണിത്. ആര്‍ക്കു വോട്ടു ചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും.
പാലാ പത്തൊന്‍പതാം വാര്‍ഡിലാണ് കോണ്‍ഗ്രസുകാരായ സതീഷ് ചൊളളാനിയും മായാ രാഹുലും മല്‍സരിക്കുന്നത്. സിറ്റിങ് കൗണ്‍സിലറായ മായാ രാഹുലിനെ വെട്ടി പകരം പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ സതീഷ് ചൊളളാനി മല്‍സരിക്കാനെത്തി. പക്ഷേ തന്‍റെ വാര്‍ഡ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് മായ പറയുന്നു.
സതീഷ് ചൊള്ളാനി നേരത്തെയും പത്തൊന്‍പതാം വാര്‍ഡില്‍ നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടിക്കാരും അസ്വസ്തരാണ്. കഴിഞ്ഞതവണ അഞ്ചുപേരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇക്കുറി കോണ്‍ഗ്രസ് പതിനെട്ട് സീറ്റില്‍ മല്‍സരിക്കുന്നു.