കോട്ടയത്ത് വെച്ചൂരിൽ കൊയ്തു കൂട്ടിയ നെല്ലിൽ ശുചിമുറി മാലിന്യംതള്ളി ക്രൂരത. ഇടയാഴം കല്ലറ റോഡിൽ കോലാംപുറത്ത് പാടശേഖരത്തിലാണ് മാലിന്യം തള്ളിയത്. കൃഷിയിടങ്ങളിലേക്ക് മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
അറുപത്തിയേഴുകാരനായ കർഷകൻ സുകുമാരൻ്റെ 22 ക്വിൻ്റൽ നെൽകുനയിലാണ് ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം തള്ളിയത്.
പത്ത് ഏക്കറിൽ വിളയിച്ച നെല്ല് പന്ത്രണ്ട് ദിവസം മുമ്പാണ് കൊയ്തു കൂട്ടിയത്. സംഭരണം നടക്കാത്തതിനാൽ ദിവസേന എത്തി ഉണക്കി പാടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കല്ലറ റോഡരുകിലെ പതിമൂന്ന് പാട ശേഖരങ്ങളിലെ 1500 ഏക്കർ കൃഷിക്കായി വെള്ളം എടുക്കുന്ന തോട്ടിലും മാലിന്യം തള്ളൽ വ്യാപകമാണ്. പരാതി പറയുന്നവരുടെ വീട്ടുമുറ്റത്ത് ശുചിമുറി മാലിന്യം തള്ളുകയാണ് ഗുണ്ടാസംഘം. കർഷകരിൽ നിന്ന് പണം വാങ്ങി പഞ്ചായത്ത് റോഡിലാകെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യം തള്ളുന്ന ടാങ്കർ ലോറികൾ കണ്ടെത്താൻ പൊലീസും ഒന്നും ചെയ്യുന്നില്ലെന്നാണ് കർഷകരുടെ പരാതി.