കോട്ടയം വൈക്കം മറവൻതുരുത്തിൽ നൂറ്റിനാൽപത് വർഷം പഴക്കമുള്ള തറവാട് കത്തി നശിച്ചതിൽ പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തു നിന്ന് ചൂട്ടുകറ്റ ലഭിച്ചതില്‍ ദുരൂഹത. സാമൂഹ്യവിരുദ്ധരുടെ ശല്യം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കുഴിക്കേടത്ത് കുടുംബം സംരക്ഷിച്ചിരുന്ന നൂറ്റിനാൽപതു വർഷം പഴക്കമുള്ള നാലുകെട്ട് തറവാടാണ് കഴിഞ്ഞ തിങ്കൾ രാത്രി അഗ്നിക്കിരയായത്.
അറയുംപുരയും നിലവറയും പത്തായപ്പുരയും വിലമതിക്കാനാവാത്ത കൊത്തുപണികളും ഉള്ള നാലുകെട്ടായിരുന്നു. വീട്ടുകാർ മറ്റൊരിടത്താണ് താമസിച്ചിരുന്നത്. എന്നാൽ ദിവസേന പരിപാലിച്ചിരുന്നു. നാലുകെട്ടിന് തീയിട്ടതാണെന്നാണ് സംശയം. വീടിന് സമീപത്ത് നിന്ന് പാതികത്തിച്ച നിലയിൽ ചൂട്ട്കറ്റ ലഭിച്ചിരുന്നു.
തലയോലപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. ഫോറസിക് ഉദ്യോഗസ്ഥർ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഷോർട് സർക്യൂട്ട് അല്ലെന്നാണ് നിഗമനം. ഈട്ടി, തേക്ക് തടികളിൽ പണിത നിലവറയും പടിപ്പുരയും മച്ചും അഞ്ഞൂറു പറയയിലധികം നെല്ല് സൂക്ഷിക്കാവുന്ന മൂന്ന് പത്തായങ്ങളുമായി ഇല്ലാതായത്. രാത്രി പ്രദേശത്ത് തമ്പടിക്കാറുള്ള സാമൂഹ്യവിരുദ്ധരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.