കോട്ടയം കടുത്തുരുത്തി ഇരവിമംഗലത്ത് ഇന്നലെ രണ്ടരവയസുകാരി കിണറ്റിൽ വീണപ്പോൾ രക്ഷകനായത് സിപിഎം പ്രാദേശിക പ്രവർത്തകൻ തോമസുകുട്ടി രാജു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ പിതാവും കിണറ്റിൽ അകപ്പെട്ടപ്പോഴാണ് തോമസുകുട്ടി കിണറ്റിലിറങ്ങി ഇരുവരെയും സുരക്ഷിതരാക്കിയത്.
പാലക്കാട് മംഗലംഡാം സ്വദേശി സിറിലിൻ്റെ മകൾ രണ്ടര വയസ്സുകാരി ലെനറ്റ് ഇരവിമംഗലത്ത് ഒരു വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കിണറ്റിൽ വീണത്.. കുട്ടി വീണതോടെ രക്ഷിക്കാനായി പിതാവ് സിറിലും കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് ഉയർത്തി രക്ഷിച്ചു.
പിന്നീട് സിറിലിന് കുട്ടിയുമായി കിണറ്റിൽ നിന്ന് മുകളിലേക്ക് കയറാനാവാതെ വന്നപ്പോൾ പ്രാദേശിക സിപിഎം പ്രവർത്തകനായ തോമസുകുട്ടി രാജുവാണ് രക്ഷകനായത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു വരുത്തി ഇരുവരെയും കരയ്ക്ക് കയറ്റുകയായിരുന്നു. പ്രദേശത്ത് വിൽപ്പനയ്ക്ക് കിടന്ന ഒരു സ്ഥലം നോക്കാൻ വേണ്ടി എത്തിയതായിരുന്നു സിറിലും കുടുംബവും.