ബൈക്കപകടത്തിൽ പരുക്കേറ്റ് മാനസിക വെല്ലുവിളി നേരിടുന്ന 35 കാരനും പിതാവും ജപ്തി ഭീഷണിയിൽ.. വൈക്കം പൊതി സ്വദേശി ജയ്സ്മോനാണ് സഹകരണസംഘം സെയിൽ ഓഫീസിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്.
തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പൊതി ശാഖയിൽ നിന്ന് ചികിത്സാ ആവശ്യത്തിനടുത്ത പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയെന്നാണ് കുടുംബം പറയുന്നത്
ബൈക്കപകടത്തിലുണ്ടായ പരുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന മകന് മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത പൊതി സ്വദേശി ജോസിന് ഇനി എന്തുചെയ്യണമെന്നറിയില്ല..ചികിൽസ മുടങ്ങുന്നതോടെ ജെയ്സിൻ്റെ ആരോഗ്യ സ്ഥിതിയും മോശമാകും. ഈ അവസ്ഥ ബാങ്ക് അധികൃതരെ അറിയിച്ചിട്ടും ജപ്തിയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് അറിയിപ്പ്
ആകെയുള്ള ഒമ്പതര സെൻ്റ് സ്ഥലവും ഈ വീടും ഈട് വച്ചാണ് 2019 ൽ അറുപതിനായിരം രൂപ വായ്പയെടുത്തത്. ജെയ്സിന്റെ ചികിത്സയായിരുന്നു ലക്ഷ്യം.. പണം കുറച്ചൊക്കെ തിരിച്ചടച്ചു.. കടം പെരുകി ഒടുവിൽ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തിലധികം രൂപ ഇനിയും അടക്കണമെന്നാണ് നോട്ടീസ്. കോളജ് കാലത്താണ് സുഹൃത്തിനൊപ്പം ജയ്സ് ബൈക്ക് അപകടത്തിൽപ്പെടുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തത്.അമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു.. രോഗിയായ ജോസിന്റെ ക്ഷേമപെൻഷനും റേഷനുമാണ് ആകെയുള്ളത്.. മുന്നോട്ടുള്ള ജീവിതത്തിന്റെ വഴി എന്തെന്നറിയാതെ പ്രതിസന്ധിയിലായ ഈ ചെറുപ്പക്കാരനും കുടുംബവും ബാങ്കിനോട് ആവശ്യപ്പെടുന്നത് കുറച്ചുകൂടി സാവകാശമാണ്.. ഒപ്പം സുമനസ്സുകളുടെ സഹായവും