മുണ്ടക്കയത്ത് ടാറിംഗ് നടത്തി അഞ്ചുദിവസം പിന്നിടും മുമ്പേ തകർന്ന് ഒരു റോഡ്. മുപ്പത്തഞ്ചാംമൈൽ- കൂട്ടിക്കൽ- നെടുമ്പാശേരി റോഡാണ് ടാറിങ് കഴിഞ്ഞ് ദിവസങ്ങൾക്ക് പിന്നാലെ തകർന്നത്. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന ഹൈവേയായി ഉയർത്തിയ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപയാണ് ചെലവാക്കിയത്.
ടാറിങ് കഴിഞ്ഞ ഒരാഴ്ച പോലും പിന്നിടും മുൻപേ പത്തുകോടി മുടക്കിയ റോഡിന്റെ ഈ അവസ്ഥ കാണേണ്ടതാണ്. റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് അടർന്നു തുടങ്ങിയിട്ടുണ്ട്. പലയിടത്തും മെറ്റൽ ഇളകി റോഡിൽ പരന്ന നിലയിലാണ്. ഇളകി കിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്രവാഹനക്കാർക്ക് അപകടവും പതിവാണ്.
ഈരാറ്റുപേട്ട-ചോലത്തടം-കൂട്ടിക്കൽ റോഡിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂട്ടിക്കൽ ചപ്പാത്ത്- കൊക്കയാർ-മുപ്പത്തഞ്ചാംമൈൽ റോഡിന്റെ നിർമാണമാണ് നടക്കുന്നത്.റോഡിന്റെ വശങ്ങളിലെ പലഭാഗവും ടാറിംഗിന്റെ അപര്യാപ്തതമൂലം മഴയിൽ ഒഴുകിപ്പോയ നിലയിലാണ്.
തമിഴ്‌നാട്, കുമളി തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നു വരുന്നവർക്ക് നെടുമ്പാശേരിയിലേക്ക് എളുപ്പത്തിൽ എത്തുവാനുള്ള പ്രധാന മാർഗമാണിത്. ദേശീയ പാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന റോഡ് ടാറിംഗ് നടത്തി ദിവസ ങ്ങൾ പിന്നിടും മുമ്പേ ടാറിംഗ് ഇളകി മാറിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.