ഇടുക്കി വാഗമൺ വട്ടപ്പതാൽ റോഡ് തകർന്നിട്ട് അഞ്ച് വർഷം. നിരവധി തവണ റോഡ് പണിയാൻ ഫണ്ട് അനുവദിച്ചിട്ടും പണി എങ്ങുമെത്തിയില്ല. തകർന്നു കിടക്കുന്ന റോഡിലൂടെ ഓഫ് റോഡ് യാത്ര ചെയ്യാൻ നിരവധിപേരാണ് എത്തുന്നത്. കരാറുകാരൻ നിർമാണം വൈകിപ്പിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ.
വാഗമണ്ണിൽ നിന്നും വട്ടപ്പതാലിലേക്ക് മൂന്നര കിലോമീറ്റർ ദൂരമാണുള്ളത്. പക്ഷേ ഈ ദൂരം താണ്ടാൻ ദുരിതയാത്ര നടത്തണം. മേഖലയിൽ 200 ഓളം കുടുംബങ്ങളുണ്ട്. റോഡ് ശരിയാക്കാമെന്ന് പഞ്ചായത്തും ജനപ്രതിനിധികളും പല തവണ വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും വട്ടപ്പതാലുകാരുടെ ദുരിതയാത്രക്ക് പരിഹാരമായില്ല.
തകർന്ന റോഡിലൂടെ സ്കൂളിലെത്തുമ്പോൾ വൈകുന്നുവെന്ന പരാതിയാണ് വിദ്യാർഥികൾക്കുള്ളത്. മേഖലയിലെ ടൂറിസം നിക്ഷേപകാർക്കും യാത്ര ദുരിതം വെല്ലുവിളിയാകുകയാണ് .വിദ്യാർഥികളടക്കം ആശ്രയിക്കുന്ന റോഡ് ഉടൻ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.