• ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. നിലവിൽ ചിന്നക്കനാൽ ചെമ്പകത്തൊടുകുഴിയിൽ വിശ്രമിക്കുകയാണ് ആനയെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാർ

ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. നിലവിൽ ചിന്നക്കനാൽ ചെമ്പകത്തൊടുകുഴിയിൽ വിശ്രമിക്കുകയാണ് ആനയെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാർ അറിയിച്ചു. 301 കോളനിയിലേക്കുള്ള വഴിയിൽ വച്ച് മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇന്നലെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. മയക്കുവെടിയേറ്റതിന് പിന്നാലെ ഓടിമാറിയ ചക്കക്കൊമ്പനെ ട്രാക്ക് ചെയ്താണ് ഇന്ന് ദൗത്യം പുനരാരംഭിക്കുന്നത്. അനുകൂല സാഹചര്യം ലഭിച്ചാൽ മയക്കുവെടി വയ്ക്കും. ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും മരുന്നിന്റെ ഡോസ് നിശ്ചയിക്കുക. Also Read: ദൗത്യസംഘം ചക്കക്കൊമ്പനില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്

ചക്കക്കൊമ്പന്റെ ഉറക്കശീലവും ഇന്നത്തെ ദൗത്യത്തിൽ നിർണായകമാകും. രാവിലെ 8.30ഓടെ ഉറങ്ങുകയും ഉച്ചയോടെ ഉണരുകയും ചെയ്യുന്നതാണ് ആനയുടെ പതിവ്. ഈ സമയക്രമം അനുസരിച്ച് ആന ഉറക്കത്തിലേക്ക് കടന്നാൽ ദൗത്യം വൈകാനിടയുണ്ട്. മയക്കുവെടിയേറ്റ ആനയെ തുടർനടപടികൾക്കായി സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതും വെല്ലുവിളിയാണ്. കാലാവസ്ഥ പ്രതികൂലമായാലും ദൗത്യം നീളും. ഇന്ന് ദൗത്യസംഘത്തിന്റെ അംഗബലം കുറച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായാണ് ആനയെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയിരിക്കുന്നത്. മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളും തുടരുകയാണ്. ചക്കക്കൊമ്പനെ സുരക്ഷിതമായി പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ആനയുടെ ആരോഗ്യസ്ഥിതിയും കാലാവസ്ഥയും അനുകൂലമായാൽ മാത്രമേ മയക്കുവെടിയുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കൂ.

ദൗത്യത്തിൽ ധൃതിപിടിച്ചുള്ള നടപടികൾ വേണ്ടെന്നാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട്. ആനയുടെ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിയായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഉദ്ദേശിക്കുന്ന സ്ഥലത്ത് ആന എത്തിയാൽ സാഹചര്യം വിലയിരുത്തി മയക്കുവെടി വയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

The operation to capture wild elephant Chakkakomban in Chinnakanal, Idukki, and fit it with a radio collar has entered its second day. The elephant has been located near Chembakathodukuzhy, and forest officials are tracking its movements. A fresh tranquillisation attempt is planned near the route to 301 Colony, depending on the elephant's health and weather conditions. Around 100 personnel are involved in the operation, with two teams deployed. Meanwhile, Forest Minister Shibu Baby John has said there is no need to rush the mission, emphasising the safety of both the elephant and the public.