സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്കായി അനുവദിച്ച ഗൂർഖ ജീപ്പ് കട്ടപ്പുറത്തായിട്ട് മാസങ്ങൾ. ഇടമലക്കുടിയിലേക്കുള്ള ഔദ്യോഗിക യാത്രകൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വാഹനമാണ് ഉപയോഗശൂന്യമായത്. റവന്യു വകുപ്പിന്റെ അലക്ഷ്യമായ ഉപയോഗമാണ് വാഹനം നശിക്കാൻ കാരണം. 

ഇടമലക്കുടിയുടെ ആവശ്യങ്ങൾക്കായി 2022 ൽ അനുവദിച്ച ഗൂർഖ ജീപ്പാണ് അടിമാലിയിലെ വർക്ഷോപ്പിൽ വിശ്രമിക്കുന്നത്. മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന്റെ നിയന്ത്രണത്തിലായിരുന്ന വാഹനം ഒരു വർഷം മുൻപ് റവന്യു റിക്കവറി നടപടികൾക്കായി ദേവികുളം താലൂക്ക് ഓഫിസിന് വിട്ടുനൽകുകയായിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമായിരുന്നു തീരുമാനം. ഉപയോഗത്തിനിടെ കട്ടപ്പുറത്തായ വാഹനം ശരിയാക്കാൻ റവന്യു വകുപ്പ് ഇതുവരെ ഫണ്ട് നൽകിയിട്ടില്ല. 

വാഹനം പണിമുടക്കിയതോടെ ഗതാഗത സൗകര്യം പരിമിതമായ ഇടമലക്കുടിയിലേക്കുള്ള ഉദ്യോഗസ്ഥരുടെ യാത്രകളും വിവിധ ഉന്നതികളുടെ ആവശ്യങ്ങളും ഭാഗികമായി മുടങ്ങി. സർക്കാർ നൽകിയ വാഹനം എത്രയും പെട്ടെന്ന് നവീകരിച്ചു നൽകണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യം.

ENGLISH SUMMARY:

The Gorkha jeep allocated for the sole tribal panchayat of Idamalakkudy has been out of order for months, impacting official travel and emergency needs. Revenue department negligence is cited as the cause for the vehicle's disrepair, leaving the tribal community with limited transportation options.