ഇടുക്കിയിൽ വൻ ആയുധശേഖരവും വ്യാജ മദ്യ നിർമ്മാണത്തിനുള്ള കോടയുമായി ഒരാൾ അറസ്റ്റിൽ. ഉപ്പുകുന്ന് സ്വദേശി പ്രവീണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് നാടൻ തോക്കുകളും തിരകളും കണ്ടെത്തി.
ഉടുമ്പന്നൂർ ഉപ്പുകുന്നിലുള്ള പ്രവീണിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയാണ് ഡാൻസാഫ് ടീമും കരിമണ്ണൂർ പൊലീസും ചേർന്ന് മിന്നൽ പരിശോധന നടത്തിയത്. രണ്ട് നിറ നാടൻ തോക്ക് ഒരു തോട്ടാക്കുഴൽ തോക്ക്, തോക്കിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന 13 തോട്ടകൾ, 32 ഇരുമ്പ് കരുക്കൾ, നൂറിലധികം ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.
ആയുധങ്ങൾക്ക് പുറമെ തോക്ക് നിർമ്മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. വ്യാജ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 22 ലിറ്റർ കോട പൊലീസ് നശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രവീണിനെ ചോദ്യം ചെയ്ത ശേഷം റിമാൻഡ് ചെയ്തു. ആയുധങ്ങൾ എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇയാൾക്കൊപ്പം കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.