ഇടുക്കി കട്ടപ്പനയിൽ നിന്ന് തമിഴ്നാട് കമ്പത്തേക്ക് തുരങ്കപാത പണിയുന്നതിന്റെ സാധ്യതകൾ പഠിക്കാൻ ബജറ്റിൽ 10 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ജില്ലയുടെ വികസനത്തിന് വേഗം കൂടും. എന്നാൽ വെല്ലുവിളികളും നിരവധിയാണ്.
കട്ടപ്പനയിൽ നിന്ന് കമ്പത്തേക്ക് ഭൂഗർഭപാത. മലയോര ജനതയുടെ കാലങ്ങളായുള്ള ആവശ്യം. നിലവിൽ കമ്പത്തേക്കെത്താൻ 40 കിലോമീറ്റർ ദൂരമാണുള്ളത്. പുലിയാന്മല, പോത്തിൻകണ്ടം കമ്പംമെട്ട് വഴി കമ്പത്തേക്ക് ഭൂഗർഭപാത വന്നാൽ ഇത് 12 കിലോമീറ്റർ ആയി ചുരുക്കാം എന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും, ശബരിമല തീർത്ഥാടകർക്കും പദ്ധതി ഏറെ ഗുണം ചെയ്യും. മൂന്നർ, തേക്കടി, വാഗമൺ ഇടുക്കി, ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും കുതിപ്പേകും. എന്നാൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഭൂഗർഭ പാത പരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നാണ് മറുപക്ഷം.
കഴിഞ്ഞവർഷം കാൽവരി മൗണ്ടിൽ നടന്ന സിപിഎം സെമിനാറിലാണ് തുരങ്ക പാതയുടെ ആശയം ആദ്യം ഉയർന്നത്. ജില്ല സെക്രട്ടറി സി.വി.വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇടുക്കി ഗ്രീൻ ടൂറിസം കമ്പനി തയറാക്കിയ രൂപരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. സാധ്യത പഠനം പൂർത്തിയായാലും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം അനുമതി വേണമെന്നത് പദ്ധതി കൂടുതൽ സങ്കീർണമാകും.