ഇടുക്കി മുരിക്കാശ്ശേരി സ്നേഹ മന്ദിരത്തിലെ അന്തേവാസികൾക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്. പരിസ്ഥിതി സൗഹൃദ പേപ്പർ ഉൽപന്ന നിർമ്മാണ യൂണിറ്റ് അന്തേവാസികളുടെ ഉന്നമനത്തിനായി പ്രവർത്തനം തുടങ്ങി. ഒറ്റപ്പെട്ട് പോയ ഒരു കൂട്ടം മനുഷ്യർക്ക് കരുതൽ കൊണ്ട് തണൽ ഒരുക്കുകയാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്.
400 ഓളം വരുന്ന അന്തേവാസികൾക്ക് സ്വയംതൊഴിലും സുസ്ഥിര വരുമാനവും ഉറപ്പിക്കണം. ഇതിനായി വർഷങ്ങൾ നീണ്ട പരിശ്രമം. ഒടുക്കം ടെക്സാസിലെ റോട്ടറി ക്ലബ് ഓഫ് മക്കിന്നിയും, റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് ഒരുകോടി 75 ലക്ഷം രൂപ ചെലവിൽ ഹാൻഡ്‌സ് ഓഫ് ഹോപ് എന്ന് പേരിട്ട ഗ്ലോബൽ ഗ്രാന്റ് പ്രോജക്ട് ലക്ഷ്യത്തിലേക്ക്.
മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് എന്നിവർ മുഖ്യാതിഥികളായി. ക്ലബ് പ്രസിഡന്റ് അഖിൽ വിശ്വാനാഥൻ അധ്യക്ഷത വഹിച്ചു. ഇവിടെ നിർമിക്കുന്ന പേപ്പർ ഉത്പ്പന്നങ്ങൾ റൊട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും, സ്നേഹമന്ദിരത്തിന്റെയും നേതൃത്വത്തിൽ വിപണികളിലെത്തിക്കും.
അന്തേവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, സ്നേഹമന്ദിരത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഇതിൽ നിന്ന് ലഭിക്കുന്ന തുക വിനയോഗിക്കാനാണ് തീരുമാനം