ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളജിൽ വിദ്യാർഥികളും മാതാപിതാക്കളും അനിശ്ചിതകാല സമരം തുടങ്ങി. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വിവിധ നഴ്സിംഗ് സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
രണ്ടുവർഷം മുമ്പ് ഇടുക്കി മെഡിക്കൽ കോളജിനോട് ചേർന്നാണ് നഴ്സിംഗ് കോളജ് തുടങ്ങിയത്. 120 വിദ്യാർഥികൾ പഠിക്കുന്ന കോളജിന് സ്വന്തമായി കെട്ടിടമില്ല. ഹോസ്റ്റൽ ഇല്ലാത്തതിനാൽ സ്വകാര്യ സ്കൂളിലെ ക്ലാസ് മുറികളിലാണ് പെൺകുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമാകാതെ വന്നതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.
പുതിയ ബാച്ചിൽ 60 വിദ്യാർഥികൾക്കൂടി എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് രേഖാമൂലം ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.