ഇടുക്കിയിൽ വട്ടപ്പലിശക്കാരെ പൂട്ടാൻ പൊലീസ് നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ. ചക്കകാനം സ്വദേശി സുധീന്ദ്രനാണ് പിടിയിലായത്. വട്ടിപ്പലിശക്കാരെ കുടുക്കാൻ പോലീസ് നടത്തുന്ന ഓപ്പറേഷൻ ഷൈലോക്ക് തുടരുകയാണ്.
ഒരു രൂപ പോലും നികുതി അടയ്ക്കാതെ സാധാരണക്കാരെ കുത്തിപ്പിഴിഞ്ഞു കൊള്ളയടിക്കുന്ന വട്ടി പലിശക്കാർക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഷൈലോക്കിന് രൂപം നൽകിയത്. ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളും ഉൾഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് വട്ടി പലിശക്കാർ പിടിമുറുക്കുന്നതിന്‍റെ സാഹചര്യം മനസ്സിലാക്കിയ പൊലീസ് ഒരേസമയം വിവിധ ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തി. നെടുങ്കണ്ടം, കട്ടപ്പന, രാജാക്കാട്, ഉടുമ്പൻചോല, മൂന്നാർ, കുമളി, തൊടുപുഴ തുടങ്ങിയ സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടത്തിയത്. ചക്കക്കാനത്ത് നിന്ന് പിടിയിലായ സുധീന്ദ്രനിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും എഗ്രിമെന്‍റ് പേപ്പറും വാഹനങ്ങളുടെ ആർസി ബുക്കും കണ്ടെത്തി.
തോട്ടം തൊഴിലാളികൾക്കിടയിൽ വട്ടിപ്പലിശക്ക് പണം വിതരണം നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളെക്കുറിച്ച് ഓപ്പറേഷൻ ഷൈലോക്കിvd]Jz ഭാഗമായി വിശദമായി അന്വേഷണം നടത്തുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ സുധീന്ദ്രനെ റിമാൻഡ് ചെയ്തു.