വെള്ളവും വൈദ്യുതിയുമില്ലാതയതോടെ ദുരിതത്തിലാണ് മൂന്നാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. തോട്ടം മേഖലയിലെ 120 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന് എൻ ഓ സി ഇല്ലാത്തതിനാൽ വൈദ്യുതി ലഭിച്ചിട്ടില്ല. റവന്യു എൻ ഓ സി എടുക്കണമെന്ന മാനദണ്ഡം മറികടന്ന് കെട്ടിടം നിർമിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
ശുചിമുറി ഉപയോഗിക്കണമെങ്കിൽ മൂന്നാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വെള്ളം കൊണ്ടുപോകണം. 2020 ലാണ് പുതിയ സ്കൂൾ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന് എൻ ഓ സി ലഭിക്കാത്തതിനാൽ സമീപത്തെ ഹൈസ്കൂൾ കെട്ടിടത്തിൽ നിന്ന് താൽക്കാലികമായി ഇവിടേക്ക് വൈദ്യുതി എത്തിക്കുകയായിരുന്നു.
കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ സ്കൂളിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സമീപത്തെ വീട്ടിൽ നിന്നാണ് നിലവിൽ സ്കൂളിലെ ആവശ്യത്തിന് വെള്ളമെടുക്കുന്നത്.