ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. കുടലാർ കുടി സ്വദേശികളായ മൂർത്തി ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്. കാർത്തിക്കിനെ അഞ്ച് കിലോമീറ്റർ ചുമന്നാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്
കുടലാർ കുടി സ്വദേശികളായ മൂർത്തി ഉഷാ ദമ്പതികളുടെ മകൻ കാർത്തിക്കിന് കഴിഞ്ഞദിവസമാണ് പനി ബാധിച്ചത്. പനി കലശലായതോടെ ഇന്നലെ ഇന്നലെ കുട്ടിയെ അഞ്ച് കിലോമീറ്ററോളം ചുമന്ന് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ അടിമാലിയിൽ എത്തും മുമ്പ് കുട്ടി മരിച്ചു. ഇടമലക്കുടിയിലേക്ക് മികച്ച റോഡുകൾ ഇല്ലാത്തതാണ് കുട്ടി മരിക്കാൻ കാരണമെന്നാണ് മുതുവാൻ സമുദായത്തിന്റെ ആരോപണം.
മൂന്നാറിൽ നിന്ന് രാജമലയിലൂടെ റോഡ് മാർഗം ഇടമലക്കുടിയിലെത്താൻ 16 കിലോമീറ്റർ സഞ്ചരിക്കണം. എന്നാൽ വനത്തിലൂടെ കാൽനടയായി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കുടിയിലേക്കെത്താം. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ കുടി നിവാസികൾ ഉപയോഗിക്കുന്നത് വനത്തിലൂടെയുള്ള കാൽനടപ്പാതയാണ്.
ഇതുവഴി സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഇടുക്കിയിലെ നിരവധി ആദിവാസി ഉന്നതികളിൽ സമാന രീതിയിലുള്ള യാത്രാദുരിതം ഉണ്ടെന്നിരിക്കെ വനംവകുപ്പിന്റെ നിലപാട് വെല്ലുവിളിയാവുകയാണ്