കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത പ്രദേശത്ത് ദേശീയപാത 85ന്റെ നിർമ്മാണം പാടില്ലെന്ന ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചു... യു.ഡി.എഫും എൽ.ഡി.എഫുമാണ് ഹർത്താൽ നടത്തിയത്. ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് ഹർജി നൽകിയ എം.എൻ.ജയചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്. അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ നടത്തി. കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. അടിമാലി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകർ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാളറയിൽ ശയന പ്രദക്ഷിണം നടത്തി.
ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും അനാസ്ഥയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഹർജിക്കാരൻ പറഞ്ഞു. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്ത് അനധികൃത മരം മുറിയോ നിയമലംഘനങ്ങളോ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിച്ച് ചീഫ് സെക്രട്ടറി തിങ്കളാഴ്ചഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.