ഇടുക്കിയിൽ സവാരി ജീപ്പ് നിരോധിച്ച കലക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കൂടിയാലോചനകൾ ഇല്ലാതെയെടുത്ത തിടുക്കപ്പെട്ട നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നാണ് സിപിഎം ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്. മാസങ്ങൾക്ക് മുന്നേ നൽകിയ നിർദേശം ജീപ്പ് സവാരിക്കാർ പാലിക്കാത്തതുകൊണ്ടാണ് നിരോധനമെർപ്പെടുത്തിയതെന്ന് ജില്ലാ കലക്ടർ.
ദിവസങ്ങൾക്കു മുമ്പ് രാത്രിയിലാണ് സവാരി ജീപ്പുകൾ നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇതോടെ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സവാരി നടത്തുന്ന ആയിരത്തിലധികം ഡ്രൈവർമാർ പ്രതിസന്ധിയിലായി. പെട്ടന്നുള്ള നിരോധനം വിനോദസഞ്ചാര കേന്ദ്രങ്ങളെയും സാരമായി ബാധിച്ചു
സഞ്ചാരികളുടെ ജീവനും സുരക്ഷയും കണക്കിലെടുത്താണ് നിരോധനമേർപ്പെടുത്തിയതെന്ന് ജില്ല കലക്ടർ പറഞ്ഞു . 15 ദിവസത്തിനകം പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ പാലിച്ചുള്ള കൊളുക്കുമല മോഡൽ ജീപ്പ് സവാരി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം