സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഇടുക്കി മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പരാതിപ്പെട്ടിട്ടും നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ സഞ്ചാരികൾക്കും തീരാദുരിതം.
അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെത്തുന്ന സഞ്ചാരികളിൽ കൂടുതൽ പേരും മൂന്നാറിലെത്തിയ ശേഷമാണ് മടങ്ങാറ്. എന്നാൽ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് മൂന്നാറിനെ വലക്കുകയാണ്.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ അടക്കം കുരുക്കിൽപ്പെടുന്നത് പതിവാണ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ നിയമിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഗതാഗതക്കുരുക്ക് നീളുന്നതിനാൽ യാത്ര പാതിവഴിയിലുപേക്ഷിച്ചു മടങ്ങുന്നവരും കുറവല്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടുത്ത ടൂറിസം സീസണ് മുന്നോടിയായി സമഗ്ര പദ്ധതി തയാറാക്കണമെന്നാണ് ടാക്സി തൊഴിലാളികളുടെയും, വ്യാപാരികളുടെയും ആവശ്യം