ഇടുക്കി തോപ്രാംകുടിയിൽ ഉത്സവത്തിനിടെ യുവാവിന് ക്രൂര മർദനം. ഗുരുതരമായി പരുക്കേറ്റ തോപ്രാംകുടി സ്വദേശി വിജേഷ് വർഗീസ് ചികിത്സയിൽ. യുവാവിനെ സംഘം ചേർന്ന് മർദിച്ച എട്ട് പേരെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വിജേഷിനെ എട്ടംഗ സംഘം ക്രൂരമായി മർദിച്ചത്. ഗാനമേളക്കിടെയുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും കണ്ണിനും ഗുരുതര പരുക്കേറ്റ വിജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് വിജേഷിന്റെ സഹോദരൻ പറഞ്ഞു
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊച്ചിയിൽ നിന്നാണ് മുരിക്കാശേരി പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.