ഉറങ്ങാതെ രാത്രി മുഴുവൻ കാവലിരുന്നിട്ടും ഇടുക്കി മുള്ളരിങ്ങാട്ടെ കാട്ടാന ശല്യത്തിന് പരിഹാരമില്ല. രാത്രി കാവലിനും ആനകളെ കണ്ടെത്താൻ സജ്ജീകരണം ഒരുക്കിയതിനും ലക്ഷങ്ങളാണ് നാട്ടുകാർ ചെലവാക്കിയത്.
കാട്ടാനഭീതിയിൽ മുള്ളരിങ്ങാട്ടുകാരിങ്ങനെ കാവൽ തുടങ്ങിയിട്ട് രണ്ടര മാസം പിന്നിട്ടു. പക്ഷേ കാവലത്ര ഫലം കണ്ടില്ല. വീടിനടുത്ത് മേയാൻ വിട്ട പശുവിനെ തേടി പോയപ്പോഴാണ് പ്രദേശവാസിയായ അമർ ഇബ്രാഹിമിനെ കാട്ടാന ആക്രമിച്ച് കൊന്നത്. കുടുംബത്തിന് സർക്കാർ ധനസഹായം അഞ്ച് 5 ലക്ഷം നൽകിയെങ്കിലും ബാക്കി തുക ഇതുവരെ നൽകിയിട്ടില്ല. ഇനിയൊരു ജീവൻ ഇങ്ങനെ പൊലിയാതിരിക്കാൻ ദിവസേന എഴുപതോളം പേരാണ് കാവലിരിക്കുന്നത്
സ്വന്തം ചെലവിൽ വൈദ്യുത വേലി സ്ഥാപിക്കാനും, വെളിച്ചത്തിനായി ഡീസൽ മോട്ടോർ വാങ്ങാനുമടക്കം ഇതുവരെ ചെലവ് 10 ലക്ഷം രൂപ. മേഖലയിൽ പൂർണമായി വൈദ്യുത വേലി സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി. ജീവനക്കാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും വനംവകുപ്പിന് വെല്ലുവിളിയാവുകയാണ്