ഇടുക്കി ഡാം തുറക്കുമ്പോൾ കുത്തൊഴുക്കിൽ തകരുന്ന തടിയമ്പാട് ചപ്പാത്തിന് പകരം നിർമിക്കുന്ന പുതിയ പാലത്തിന്‍റെ രൂപ രേഖയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. സേതുബന്ധൻ പദ്ധതിയിലുൾപ്പെടുത്തി 32 കോടി രൂപയാണ് പാലം പണിയൻ കേന്ദ്രസർക്കാർ അനുവദിച്ചത്
ഇടുക്കി ഡാം തുറന്നുവിട്ട 2018 ലും 2022 ലും തടിയമ്പാട് ചപ്പാത്ത് തകർന്നിരുന്നു. പെരിയാറിലെ കുത്തൊഴുക്കിൽ ചപ്പാത്ത് മുങ്ങുന്നതും പതിവാണ്. ഡാം തുറന്നാൽ വീണ്ടും ചപ്പാത്ത് തകരുമെന്ന റിപ്പോർട്ടിനെ തുടർന്ന് 2023 ലാണ് പുതിയ പാലം പണിയാൻ പണം അനുവദിച്ചത്. രണ്ടുവർഷം എടുത്താണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 223 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ബി എം ബി സി നിലവാരത്തിൽ ടാറിങ് നടത്തും. ഇരുവശത്തും നടപ്പാതകളുമുണ്ടാകും
തടിയമ്പാടുള്ള പഴയ ചപ്പാത്ത് പൊളിക്കാതെയാവും പുതിയ പാലം പണിയുക. ജില്ലയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കും വിധമാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.