പ്രസിഡന്റും വൈസ് പ്രസിഡന്റും ഓഫീസിൽ വരാതായതോടെ താറുമാറായി ഇടുക്കി ഉപ്പുതറ പഞ്ചായത്ത് ഭരണം. പഞ്ചായത്ത് സെക്രട്ടറിയും ഓഫീസിൽ വരാറില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രതിഷേധം കനക്കുന്നു. വ്യക്തിപരമായ ആവശ്യം ഉള്ളതിനാലാണ് പഞ്ചായത്തിൽ വരാത്തതെന്ന് പ്രസിഡന്റിന്റെ വിശദീകരണം
ഇടതുപക്ഷം ഭരിക്കുന്ന ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡന്റ് ജെയിംസ് കെ ജേക്കബും ഭരണപക്ഷ അംഗങ്ങളും തമ്മിൽ ഭിന്നത രൂക്ഷമായിട്ട് കാലങ്ങളായി. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റ് പി.എസ് സരിതയും ഓഫീസിൽ എത്താറില്ലെന്നാണ് ആരോപണം. താൽക്കാലിക ജീവനക്കാരൻ ടെക്നിക്കൽ അസിസ്റ്റന്റ് ബിബിൻ തോമസിനെ പിരിച്ചു വിട്ടതോടെയാണ് ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായത്. ഭരണ പ്രതിപക്ഷ അംഗങ്ങളിൽ ഒരു വിഭാഗം ജീവനക്കാരനെ പിന്താങ്ങിയിരുന്നു. ഹൈക്കോടതി ഉത്തരവോടെ ജൂൺ മാസം ബിബിൻ ജോലിയിൽ തിരികെ പ്രവേശിച്ചതോടെയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും പഞ്ചായത്തിൽ വരാതെയായി.
വകുപ്പ് തല പരിശീലകൻ ആയതിനാൽ പഞ്ചായത്ത് സെക്രട്ടറി മാസത്തിൽ പകുതി ദിവസവും ഓഫീസിൽ എത്താറില്ല. ഹാജർ വെച്ച ശേഷം ജീവനക്കാർ മടങ്ങുന്നതും പതിവായതോടെ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന ആളുകൾ നിരാശരായി മടങ്ങാറാണ് പതിവ്. പഞ്ചായത്ത് ഭരണം സുഗമമാകുന്നത് വരെ പ്രതിഷേധം തുടരാനാണ് യു.ഡി.എഫി ന്റെ തീരുമാനം