TOPICS COVERED

ഇടുക്കി ചിന്നക്കനാലിൽ 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം നിലനിൽക്കുമ്പോൾ തന്നെ വീണ്ടും ഒന്നര ഹെക്‌ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. വന വിസ്തൃതി വർധിപ്പിച്ച് നാട്ടുകാരെ കുടിയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിജാഞാപനമെന്ന് നാട്ടുകാർ.

റവന്യൂ വകുപ്പ് വനം വകുപ്പിന് വിട്ടു നൽകിയ ഒന്നര ഹെക്‌ടർ ഭൂമി സംരക്ഷിത വനമാക്കുന്നതിനെതിരെയാണ് ചിന്നക്കനാലിൽ പ്രതിഷേധം ശക്തമാകുന്നത്. സെപ്റ്റംബറിൽ ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് കരട് വിജ്‌ഞാപനമിറങ്ങിയിരുന്നു. പ്രതിപക്ഷത്തിന്റെയും നാട്ടുകാരുടെയും എതിർപ്പ് ശക്തമായതോടെ നവകേരള സദസ്സ് ജില്ലയിലെത്തുന്നതിന് തൊട്ടു മുൻപ് സർക്കാർ കരട് വിജ്‌ഞാപനം മരവിപ്പിച്ചു. വീണ്ടും ഒന്നര ഹെക്‌ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാനുള്ള നീക്കം വന വിസ്തൃതി വർധിപ്പിച്ച് നാട്ടുകാരെ കുടിയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം 

വിജ്ഞാപനം റദ്ദ് ചെയ്തിട്ടില്ലെന്നും തുടർ നടപടികൾ തൽക്കാലത്തേക്ക് റദ്ദ് ചെയ്തിരിക്കുകയാണെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. എന്നാൽ വിജ്ഞാപനം പിൻവലിക്കും വരെ ശക്തമായ സമരം ചെയ്യാനാണ് ചിന്നക്കനാൽ നിവാസികളുടെ തീരുമാനം 

ENGLISH SUMMARY:

Government to make one and a half hectares of land a protected forest