കൊച്ചിയിലെ ആറ് നിർദിഷ്ട വാട്ടർ മെട്രോ ടെർമിനലുകൾ ഉപേക്ഷിക്കാനുള്ള തീരുമാനം വിവാദത്തിൽ. വിവിധ കാരണങ്ങളാൽ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തേവര ഉൾപ്പെടെയുള്ള 6 ടെർമിനലുകൾ വേണ്ടെന്നു വയ്ക്കുന്നത്. എന്നാൽ നെട്ടൂർ പ്രധാന ടെർമിനലായി ഉൾപ്പെടുത്തി. ടെർമിനലുകൾ ഉപേക്ഷിക്കാനുള്ള നിക്കത്തിനെതിരെ സിപിഎം രംഗത്തെത്തി. 

KMRL നിർദ്ദേശപ്രകാരമാണ് നെട്ടൂർ ടെർമിനൽ ഉൾപ്പെടുത്താനും മറ്റ് ആറ് ടെർമിനലുകൾ ഒഴിവാക്കാനും ഗതാഗത വകുപ്പ് അനുമതി നൽകിയത്. 38 ടെർമിനലുകളുമായി വിഭാവനം ചെയ്ത വാട്ടർ മെട്രോ ഇതോടെ 33 ടെർമിനലുകൾ ആയി ചുരുങ്ങും. ആസ്റ്റർ, അമൃത, കോതാട്, തേവര, ചെറിയംതുരുത്ത്, മുളവുകാട് ടെർമിനലുകളാണ് ഒഴിവാക്കുന്നത്. സർക്കാർ ഭൂമിയുടെ ലഭ്യത കുറവ് ചൂണ്ടിക്കാട്ടിയാണ് തേവര ഒഴിവാക്കുന്നത്. നാവിഗേഷൻ ചാനലിന്റെ വീതിയാണ് ആസ്റ്റർ ടെർമിനലിൻ്റെ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. 

ഇടക്കൊച്ചി, കുമ്പളം, തൈക്കുടം, വൈറ്റില ജലപാതകളെ ബന്ധിപ്പിക്കുന്ന പ്രധാന ഫീഡർ ടെർമിനൽ എന്ന നിലയിലാണ് നെട്ടൂർ ഉൾപ്പെടുത്തിയത്. നെട്ടൂർ ടെർമിനലിനായി സ്ഥലം നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. അധിക സാമ്പത്തിക ബാധ്യതയില്ലാതെ നെട്ടൂർ ടെർമിനൽ നിർമിക്കണം. ഡിപിആർ ഔദ്യോഗികമായി ഭേദഗതി ചെയ്യാനും സർക്കാർ KMRLനോട് നിർദ്ദേശിച്ചു. ടെർമിനുകൾ ഉപേക്ഷിക്കാനുള്ള നീക്കം ജനദ്രോഹപരമെന്ന് സിപിഎം കുറ്റപ്പെടുത്തി. പ്രതിഷേധം ഭയന്ന് നേരത്തെ തീരുമാനിച്ച നെട്ടൂർ ടെർമിനലിനെ പുതുതായി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു.

ENGLISH SUMMARY:

Kochi Water Metro terminals are facing controversy as six proposed stations, including Thevara, are being scrapped due to practical reasons. Nettur has been designated as a main terminal, leading to criticism from the CPM.