കാൻസർ രോഗികൾക്ക് സഹായവുമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ. കാൻസർ അവബോധവും ചികിത്സാസഹായവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സഞ്ജീവനി’ പദ്ധതിയുടെ ഭാഗമായാണ് ലിസി കാൻസർ സെന്ററുമായി ഫൗണ്ടേഷൻ ധാരണാപത്രം ഒപ്പുവെച്ചത്.
ലിസി കാൻസർ സെന്ററിന്റെ ഗുണഭോക്തൃ പിന്തുണാ ഫണ്ടിലേക്ക് ഫൗണ്ടേഷൻ ഒരു കോടി രൂപ സംഭാവന നൽകും.ഫെഡറൽ ബാങ്ക് എറണാകുളം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സി.എം. ശശിധരനും ലിസി കാൻസർ സെന്റർ മാനേജിങ് ഡയറക്ടർ ഫാ. പോൾ കരേടനും ധാരണാപത്രം കൈമാറി.
ചികിത്സയ്ക്കും രോഗീപരിചരണത്തിനും പിന്തുണ നൽകുന്നതിലൂടെ അർഥവത്തായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുകയാണ് ലിസി കാൻസർ സെന്ററുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് സി.എസ്.ആർ വിഭാഗം മേധാവി കെ.വി. ഷാജി പറഞ്ഞു.