ദേശീയപാതയില്‍ എറണാകുളം മൂത്തകുന്നത്തെ നിര്‍മാണപ്രവൃത്തികളിലെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര അനാസ്ഥ. ഗതാഗതക്കുരുക്കും ചീറിപ്പായുന്ന ബസുകളും  ചെളിനിറഞ്ഞ റോഡും ദുരിതം ഇരട്ടിയാക്കുന്നു. 

ദിനംപ്രതി ആയിരങ്ങള്‍ വന്നുപോകുന്ന മൂത്തകുന്നം ജംക്ഷന്‍, മൂത്തകുന്നത്തേക്കുള്ള പാലം കടന്ന് വാഹനങ്ങള്‍ വരുന്നതുതന്നെ പൊടിനിറഞ്ഞ റോഡിലേക്ക്. നിര്‍മാണമേഖലയിലെ ചെളി റോഡിലേക്കും പടര്‍ന്നിരിക്കുന്നു. ചെളിനിറച്ച വാഹനങ്ങള്‍ യഥേഷ്ടം കടന്നുപോകുന്നു. ഒരു സുരക്ഷാക്രമീകരണവുമില്ലാതെ നിര്‍മാണപ്രവൃത്തികള്‍ തകൃതി. മഴ കൂടിയുണ്ടെങ്കില്‍ ദുരിതം ഇരട്ടിയാകും. 

തിരക്കില്‍ അപകടഭീഷണി ഉയര്‍ത്തി ചീറിപ്പായുന്ന ബസുകള്‍. ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലന്‍സും. എന്നുതീരും ഈ ദുരിതമെന്നാണ് ദിനംപ്രതി ഈ മേഖലയില്‍ യാത്രചെയ്യുന്നവര്‍ക്ക് ചോദിക്കാനുള്ളത്. പരാതികളോട് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ മുഖംതിരിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.