ആളുകൾ പോകാൻ കൊതിക്കുന്ന ഒരു സർക്കാർ ഓഫീസുണ്ട് കൊച്ചിയിൽ. മാലിന്യകേന്ദ്രമായി എഴുതി തള്ളിയ നഗരസഭ ഹെൽത്ത് ഓഫീസിനെ മൂന്നുമാസം കൊണ്ട് മേക്കോവർ ചെയ്തു ശാപമോക്ഷം നൽകിയ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്. ഷജിയാണ് ഇവിടുത്തെ താരം.

ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം. മൂക്ക് പൊത്തിയാൽ മാത്രം കടന്നുപോകാൻ കഴിയുന്ന ഓഫിസ് പരിസരം. ഇതായിരുന്നു മൂന്ന് മാസം മുൻപുവരെ ഫോർട്ട് കൊച്ചി കോർപ്പറേഷൻ ഹെൽത്ത് സർക്കിൾ ഓഫിസിന്റെ അവസ്ഥ.

ഇന്ന് ആ സ്ഥലം നിറഞ്ഞുനിൽക്കുന്നത് നിറങ്ങളും സന്ദേശങ്ങളും കലാസൃഷ്ടികളും കൊണ്ടാണ്. ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്താണ് ഈ ഓഫിസ്. പ്രതിദിനം ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്ന മേഖലയെ മാലിന്യ വിമുക്തമാക്കുക എന്നതായിരുന്നു കോഴിക്കോട് നിന്നും സ്ഥലം മാറി വന്ന ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഷജിയുടെ ആദ്യ ലക്ഷ്യം. 

ഉപേക്ഷിക്കപ്പെട്ട പഴയ വള്ളം, പൊട്ടിയ വല, പ്ലാസ്റ്റിക് കുപ്പികൾ അങ്ങനെ മറ്റുള്ളവർക്ക് മാലിന്യമായിരുന്ന വസ്തുക്കൾ ഷജിക്ക് കലാസൃഷ്ടികൾക്കുള്ള അസംസ്കൃത വസ്തുക്കളായി. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ വരെ ഈ സൗന്ദര്യവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ എം.എസ് ഷജി ഈ മാസം മുപ്പതിന് സർവീസിൽ നിന്ന് വിരമിക്കും.

ENGLISH SUMMARY:

Kochi civic office makeover transformed a neglected municipal health office into a vibrant space, thanks to Health Inspector M.S. Shaji's innovative approach. Using waste materials, he created art, involving the local community in beautifying the Fort Kochi Health Circle and making it a model for civic improvements.