സംസ്ഥാനത്ത് കനത്ത നാശം വിതച്ച് വേനൽ മഴ. എറണാകുളം ജില്ലയിൽ പലയിടത്തും നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ പോസ്റ്റുകളും, ലൈനുകളും നശിച്ചതിനാൽ ജില്ലയുടെ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.

എറണാകുളം മണീട് പഞ്ചായത്തിൽ ഇന്നലെ വൈകീട്ട് മൂന്നര മുതൽ ഒരുമണിക്കൂർ മാത്രമാണ് കനത്ത കാറ്റോട് കൂടി വേനൽമഴ പെയ്തത്. എന്നാൽ ആ മഴയുണ്ടാക്കിയ നാശനഷ്‌ടങ്ങൾ പറഞ്ഞാൽ തീരില്ല

പൂർണ്ണമായി പത്ത് വീടുകളാണ് മണീട് പഞ്ചായത്തിൽ മാത്രം തകർന്നത്. എഴുപതിലേറെ വീടുകൾ ഭാഗികമായും തകർന്നു. റബ്ബർ, ജാതി ആയിരക്കണക്കിന് മരങ്ങൾ ഒടിഞ്ഞുവീണു. റോഡിലേക്ക് മറിഞ്ഞുവീണ മരങ്ങൾ രാത്രി തന്നെ അഗ്‌നിരക്ഷാസേനയെത്തി മുറിച്ച്  മാറ്റി. പോസ്റ്റുകളും, ലൈനുകളും വ്യാപകമായി തകർന്നതിനാൽ പലയിടത്തും ഇന്നലെ രാത്രി മുതൽ വൈദ്യുതിയില്ല. എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ മേഖലകളിലും നാശനഷ്ടങ്ങളുണ്ടായി. കണ്ണൂർ പടപ്പേങ്ങാട് കൂറ്റൻ ആൽമരം റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത് , തളിപ്പറമ്പിൽ നിന്നും അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്