റോഡ് വികസനത്തിലെയും പാലം രൂപകൽപ്പനയിലെയും അപാകതകൾ എടുത്തുപറഞ്ഞ് വൈറ്റിലയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ വീഡിയോ പ്രദർശനമൊരുക്കി വൈറ്റില യുണൈറ്റഡ് ഫോറം. നിലവിലുള്ള റോഡുകൾ പരമാവധി ഉപയോഗപ്പെടുത്തിയും ഗതാഗതത്തിൽ മാറ്റം വരുത്തിയും പരിഹാരം നിർദേശിക്കുന്ന വീഡിയോ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംക്‍ഷൻ. ഈവഴി വാഹനങ്ങളിൽ കടന്നുപോകുന്നവർ ഓരോ ദിവസവും ഗതാഗത കുരുക്കിൽപെടുന്ന സാഹചര്യത്തിലാണ് വൈറ്റില യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർദേശങ്ങളടങ്ങിയ വീഡിയോ വൈറ്റില ടെംപോ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചത്.
ഗതാഗത ദിശകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ഫ്രീടേണുകളും യൂട്ടേണുകളും ക്രമീകരിച്ചും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഫോറത്തിന്റെ നിർദേശം. നിർദേശങ്ങളുടെ പ്രായോഗികത പരിശോധിക്കാൻ വൈറ്റില ജംക്ഷനിൽ ട്രയൽ റൺ നടത്താൻ തയാറാകണമെന്നാണ് ഫോറം ഭാരവാഹികളുടെ ആവശ്യം.