മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്‍റണി തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയത് തെറ്റായ വിദ്യാഭ്യാസ യോഗ്യത വിവരങ്ങളെന്ന് ആരോപണം. ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചു. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ജോയ്സ് മേരി ആന്‍റണി പ്രതികരിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ജോയ്സ് മേരി ആന്‍റണി സമര്‍പ്പിച്ച ഫോമില്‍ വിദ്യാഭ്യാസ യോഗ്യത സീനിയര്‍ സെക്കന്‍ഡറി എന്നാണെന്ന് പരാതിക്കാരന്‍ പറയുന്നു . അതേസമയം അനുബന്ധമായ മറ്റൊരു കോളത്തില്‍ നല്‍കിയിരിക്കുന്നത് ബിബിഎയും.കേരള മുന്‍സിപ്പല്‍ ആക്ടിന്‍റെ സെക്ഷന്‍ 164 പ്രകാരം അധ്യക്ഷയെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ട് പി.വി ഷാജി എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ ജോയ്സ് നഗരസഭാ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ലെന്ന് സിപിഎം പ്രതികരിച്ചു. 

വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ജോയ്സ് മേരി ആന്‍റണിയുടെ പ്രതികരണം. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ജോയ്സ് മേരി ആന്‍റണി സംസ്ഥാനത്തിന് പുറത്തേയ്ക്ക് നടത്തിയ യാത്രകള്‍ ദുരൂഹമാണെന്ന് സിപിഎം ആരോപിക്കുന്നു. 

ENGLISH SUMMARY:

Muvattupuzha municipal chairperson Joyce Mary Antony faces allegations of submitting false educational qualification details with her nomination papers. A petition seeking her disqualification has been admitted by the Muvattupuzha Munsif Court, while Antony claims the allegations are politically motivated.