കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ വാർഷികത്തിൽ കാരുണ്യത്തിന്റെ അനുഭവങ്ങൾ പങ്കിട്ട് മമ്മൂട്ടി. വർഷങ്ങൾക്ക് ശേഷം തന്റെ സുഹൃത്തിന് ലഭിച്ച കേൾവി ശക്തിയെക്കുറിച്ച് വാചാലനായ നടൻ തനിക്ക് നഷ്ട്ടപ്പെട്ട ഗന്ധങ്ങളെക്കുറിച്ചും സംസാരിച്ചു.
85ൽ ആദ്യമായി സിനിമയ്ക്ക് ഈണമിട്ട വരികൾ ഒരിക്കൽകൂടി വയലിനിൽ വായിച്ചു ഔസേപ്പച്ചൻ. നീയെൻ സർഗ സൗന്ദര്യമേ എന്ന ആ മധുരഗാനം ലൂയിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്ക് പകർന്ന മഹാനടൻ മമ്മൂട്ടിയും ഔസേപ്പച്ചനും വർഷങ്ങൾക്കിപ്പുറം കാലത്തിൻ്റെ നിയോഗം പോലെ ഒരു വേദിയിൽ ഒരുമിച്ചു. ആ പഴയകാല ഓർമ്മകൾ ഉണർത്തിയ വേദിയിൽ പ്രിയനടൻ മമ്മൂട്ടി ആ പ്രഖ്യാപനം നടത്തി കാതോട് കാതോരം. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതിക്കാണ് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ തുടക്കമായത്.കേൾവി ഒരു അനുഗ്രഹമാണെന്നും അത് ലഭിക്കാതെ പോയ ധാരാളം പേർ നമുക്ക് ചുറ്റിലുണ്ടെന്നും ഓർമ്മപ്പെടുത്തിയ മമ്മൂട്ടി അവർക്കു വേണ്ടിയാണ് ഈ പദ്ധതി എന്ന് പ്രഖ്യപിച്ചു. സിനിമാ മേഖലയിലുള്ള തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഹിയറിങ് എയ്ഡ് വാങ്ങി നൽകിയ അനുഭവം മമ്മൂട്ടി ഓർത്തെടുത്തു.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള അനുഭവങ്ങൾ ഭാഗ്യവാന്മാരായ നമുക്ക് നമ്മൾ പോലും അറിയാതെ കിട്ടുന്നുണ്ട് എന്ന പറഞ്ഞ മമ്മൂട്ടി കുറച്ചു നാളുകളായി താൻ അനുഭവിക്കുന്ന ഏറ്റവും വലിയ പരിമിതിയെക്കുറിച്ചും വിവരിച്ചു. നന്മ ചെയ്യുന്ന സുഖം മറ്റൊന്നിലും കിട്ടില്ലെന്നും സഹായം കിട്ടിയവർക്ക് സന്തോഷമുണ്ടായില്ലെങ്കിലും കൊടുക്കുന്ന നമുക്ക് ക്രൂരമായ ഒരു സന്തോഷം ഉണ്ടാകുമെന്നും മമ്മൂട്ടിയുടെ വാക്കുകൾ.