കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ ആഗോള ഏവിയേഷന്‍ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. ഏവിയേഷന്‍ മേഖലയിലെ അറ്റകുറ്റപ്പണികള്‍, പരിശീലനങ്ങള്‍, സാങ്കേതികസഹായ സേവനങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സിയാല്‍ എയ്റോ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 36 ഏക്കര്‍ വിസ്തൃതിയിലുള്ള എയ്റോ പാര്‍ക്ക് സിയാലിനെ പരമ്പരാഗത വിമാനത്താവളത്തിന് അപ്പുറത്തേയ്ക്ക് വിശാലമായ ആകാശത്തേയ്ക്ക് പറക്കാന്‍ സഹായിക്കും.
30 കോടി രൂപ ചെലവില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്‍റര്‍ ആണ് എയ്റോ പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ടത്. കോര്‍പറേറ്റ് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാവുന്ന പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 15 കോടി രൂപ മുടക്കില്‍ ആധുനികവല്‍ക്കരിച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് സെന്‍റര്‍, 2 കോടി രൂപയുടെ അഡ്വാന്‍സ്ഡ് ബ്രീത്തിങ് അപ്പാരറ്റസ് ട്രെയ്നിങ് ഗാലറി, 40 കോടി രൂപയ്ക്ക് മെയിന്‍റനന്‍സ്, റിപ്പെയര്‍, ഓവര്‍ഹോള്‍ എന്നിവയ്ക്കുള്ള പുതിയ ഹാംഗര്‍, 8 കോടി രൂപയുടെ പ്രഷര്‍ എയര്‍ക്രാഫ്റ്റ് ഫയര്‍ ഫൈറ്റിങ് സിമുലേറ്റര്‍ ഫെസിലിറ്റി, 3 കോടി രൂപയുടെ അത്യാധുനിക അണ്ടര്‍വാട്ടര്‍ റെസ്ക്യു ട്രെയിനിങ് ഫെസിലിറ്റി എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഒന്നാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്‍റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യാന്തരനിലവാരത്തിലുള്ള പരിശീലനകേന്ദ്രമാക്കി എയറോ പാര്‍ക്കിനെ മാറ്റാനാണ് സിയാല്‍ ലക്ഷ്യമിടുന്നത്.