കലയിൽ വിഭജനങ്ങൾ നിലനിൽക്കില്ല എന്നാണ് എഴുത്തനുഭവമെന്ന് കവി കെ.സച്ചിദാനന്ദൻ. തന്‍റെ ആത്മകഥയായ ‘അവിരാമം’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു സച്ചിദാനന്ദന്‍റെ പ്രതികരണം. ആത്മകഥ മുഴുവനായും എഴുതി തീർക്കാൻ ഒരായുസ്സ് മതിയാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
അവിരാമം എഴുതുന്നതിനു മുൻപ് ‘വേനൽ മഴ’ എന്ന പുസ്തകത്തിൽ 45 വർഷം മുൻപ് എഴുതിയ ‘ആത്മകഥ’ എന്ന കവിതയാണ് ആദ്യ ആത്മകഥ എന്നാണ് കവി സച്ചിദാനന്ദന്‍ പറഞ്ഞത്. ചെറിയ ഭൂമിയിലെ, ചെറിയ മനുഷ്യന്‍റെ അന്വേഷണങ്ങളാണ് ആത്മകഥയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. ചിന്തകൾ ആവിഷ്കരിക്കാനുള്ള ഏക ഭാഷ കവിതയായിരുന്നതിനാൽ കവിതകൾ എഴുതി.
കലയിൽ വിഭജനങ്ങൾ നിലനിൽക്കില്ല എന്നാണ് 60 വർഷത്തെ എഴുത്തനുഭവം പറയുന്നത്. തിരഞ്ഞെടുത്ത വാക്കുകളിലും ആവിഷ്കാര രൂപങ്ങളിലും രാഷ്ട്രീയം കാണാം. എന്നാൽ അതിനെ ഏകമാന അർഥത്തിൽ കാണരുതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ആദി, അൻവർ അലി, അമ്മുദീപ, കെ.ഇന്ദുലേഖ, എസ്.ജോസഫ്, ലോപമുദ്ര, മനോജ് കുറൂർ, എൻ.ജി.ഉണ്ണിക്കൃഷ്‌ണൻ, പി.പി.രാമചന്ദ്രൻ, പി.രാമൻ, രേണു കുമാർ, എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരൻ കെ.സി.നാരായണൻ, ഫാ. ബോബി ജോസ് കട്ടിക്കാട്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ചാവറ കൾചറൽ സെന്‍റര്‍ ഡയറക്ടർ ഫാ. അനിൽ ഫിലിപ് തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു.