സുഭാഷ് പാർക്കിൽ നിന്ന് വീണ്ടെടുത്ത പിറ്റ്ബുൾ അപകടകാരിയെന്ന ആരോപണം തള്ളി ഉടമ. ചെവിക്ക് തകരാറുള്ള നായ അബദ്ധത്തിൽ കൈവിട്ടു പോയതാണെന്നും ഉടമ. പള്ളിമുക്ക് സ്വദേശിയായ ജയദേവന്‍റേതാണ് ഓജോ എന്ന ഈ നായ.
ആരോഗ്യപ്രശ്നങ്ങൾ കാരണം ഉടമസ്ഥൻ ഉപേക്ഷിക്കാൻ തയാറായ പിറ്റ്ബുളിനെ എട്ട് വർഷം മുൻപാണ് ജയദേവൻ സ്വന്തം വീട്ടിലെത്തിച്ചത്. ഓജോ എന്ന് പേര് നൽകി. പലരും അക്രമകാരിയെന്ന് പറയുമ്പോൾ കേൾവി തകരാറുള്ള ശാന്തനായ ഓജോയെക്കുറിച്ച് അയൽക്കാർക്ക് പോലും ഇന്നുവരെ ഒരു പരാതിയുമില്ലെന്ന് ജയദേവൻ.കൃത്യമായ പരിശീലനം ലഭിച്ച ഓജോയ്ക്ക് എല്ലാവരോടും സ്നേഹം മാത്രം.
ഒരാഴ്ച മുൻപ് കാണാതായ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ചിത്രം ഉൾപ്പെടെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് നായയെ തേടി ഉടമ എത്തിയത്. സുഭാഷ് പാർക്കിൽ കണ്ടെത്തിയ ഓജോയെ ഇന്നലെ രാത്രിയോടെ ഉടമയ്ക്ക് റെസ്ക്യൂ ടീം കൈമാറുകയായിരുന്നു. .